Tuesday, January 25, 2011

സത്യവും അസത്യവും.


ദാര്‍ശനിക കവി ഖലില്‍ ജിബ്രാന്‍ സത്യത്തെ കുറിച്ച് ഒരു കഥ പറയുന്നുണ്ട്

ഒരിക്കല്‍ സത്യവും അസത്യവും കൂടെ ഒരു പുഴയില്‍ കുളിക്കാനിറങ്ങി 
ഇരുവരും വസ്ത്രങ്ങള്‍ കരയില്‍ അഴിച്ചു വെച്ച് പുഴയില്‍ മുങ്ങിക്കുളിച്ചു. സൂത്രശാലിയായ അസത്യം വേഗം കുളി കഴിഞ്ഞു കയറി, കരയിലുണ്ടായിരുന്ന സത്യത്തിന്റെ വസ്ത്രമെടുത്തിട്ടു കടന്നു പോയി. പാവം സത്യം കുളി കഴിഞ്ഞു നോക്കുമ്പോള്‍ തന്റെ വസ്ത്രം കാണാനില്ല. ഒരു വഴിയുമില്ലാതെ വന്ന സത്യം, അസത്യത്തിന്റെ കുപ്പായമെടുത്തിട്ടു നടന്നു പോയി.അന്ന് മുതലാണ്‌ മനുഷ്യര്‍ അസത്യത്തെ സത്യമായി ധരിക്കാന്‍ തുടങ്ങിയത് 

അകബലം : സത്യം അനശ്വരമാണ്. ഏത് മൂടുപടങ്ങള്‍ കൊണ്ട് മൂടിയാലും അത് ഒരു നാള്‍ പുറത്ത് വരും. പക്ഷെ പുറം മോടിയണിഞ്ഞ അസത്യങ്ങള്‍ ജീവിച്ചിരുക്കുമ്പോള്‍ പൊതുജനം സത്യമെന്ന് കരുതി അവയെ കൊട്ടിഘോഷിക്കും, വാനോളം വാഴ്ത്തും. എന്നാല്‍ എല്ലാ ജനപഥങ്ങളിലുമുണ്ടാകും ഹൃദയത്തില്‍ നിതാന്ത സത്യത്തെ ധ്യാനിക്കുന്ന അപൂര്‍വ്വം ചില പുരോഗാമികള്‍. പൊള്ളയായ കാലഘടനയെ പൊളിച്ചെഴുതാന്‍ മനസ്സ് വളര്‍ന്നവര്‍. ഒരു നാള്‍ മൂടുപടമണിഞ്ഞ അസത്യത്തെ തുണിയുരിഞ്ഞു വിചാരണ ചെയ്യാന്‍ അവര്‍ വരും..! ആര്‍ക്കും മനസ്സിലാകാത്ത പരമമായ ആ സത്യത്തിന്റെ സൌന്ദര്യം ഹൃദയതലങ്ങളില്‍ സ്ഫുരണമായി ഉയിര്‍ക്കൊള്ളുമ്പോഴാണ് ചരിത്രത്തില്‍ രക്തസാക്ഷികള്‍ ഉണ്ടാകുന്നത്. 

Saturday, January 22, 2011

അറിവും മനസ്സും


പ്രശസ്തമായ ഒരു സൂഫി കഥയുണ്ട്
ഒരിക്കല്‍ ധനികനായ ഒരാള്‍ തന്റെ ജീവിതസായാഹ്നത്തില്‍  അല്പം അറിവ് നേടാന്‍ തീരുമാനിച്ചു. അങ്ങനെ നാട് മുഴുവന്‍ പ്രശസ്തിയുള്ള ജ്ഞാനിയായ ഒരു ഗുരുവിനെ കുറിച്ച് കേട്ട് ശിഷ്യപ്പെടാനായി അദ്ധേഹത്തിന്റെ സന്നിധിയിലെത്തി . ആഗ്രഹമറിയിച്ചപ്പോള്‍ ഗുരു അയാളോട്  പോയിട്ട് പിന്നീടൊരിക്കല്‍ വരാന്‍ പറഞ്ഞു .
ദിവസങ്ങള്‍ കടന്നു പോയി , അയാള്‍ വീണ്ടും ഇതേ ആഗ്രഹവുമായി ഗുരുവിനടുത്തെത്തി. ഇപ്രാവശ്യവും ഗുരു അയാളെ സ്വീകരിച്ചില്ല. പോയിട്ട് വീണ്ടും ഒരു വര്ഷം കഴിഞ്ഞു വരാന്‍ പറഞ്ഞു. നിരാശനായി അയാള്‍ മടങ്ങി 
അവിടുന്ന് കല്പിച്ച പോലെ ഒരു വര്ഷം കഴിഞ്ഞു ആ മനുഷ്യന്‍ ഇതേ  ആഗ്രവുമായി മൂന്നാമതും ഗുരുസന്നിധിയിലെത്തി 
ഇപ്രാവശ്യം അവിടുന്ന് ഇരിക്കാന്‍ പറഞ്ഞു. എന്നിട്ട് കയ്യില്‍ ഒരു ഗ്ലാസും തൂക്കുപാത്രവും കൊടുത്തിട്ട് ഗുരു പറഞ്ഞു.
"ഇനി ഞാന്‍ പറയുന്ന പോലെ ചെയ്യുക . ഈ പാത്രത്തില്‍ നിന്ന് വെള്ളം ഗ്ലാസ്സിലേക്ക് ഒഴിച്ച് കൊണ്ടേയിരിക്കുക. ഞാന്‍ പറഞ്ഞാല്‍ മാത്രമേ നിര്‍ത്താവൂ "

ശിഷ്യന് എന്താണ് ചെയ്യേണ്ടതെന്ന് നിശ്ചയമില്ലാണ്ടായി. പാത്രം നിറഞ്ഞു വെള്ളം പുറത്തേക്ക പോയിക്കൊണ്ടിരിക്കുന്നു.
അത്ഭുതപ്പെട്ട ശിഷ്യനോട് ഗുരു പറഞ്ഞു

"ഇത് പോലെയാണിപ്പോള്‍ നിന്റെ മനസ്സും . ഞാന്‍ എന്ത് അറിവ് പകര്‍ന്നു തന്നാലും അത് പുറത്തേക്ക പോയി കൊണ്ടേയിരിക്കും "

അകബലം : മുന്‍വിധികളും അഹന്തയും ഇല്ലാത്ത മനസ്സ് മാത്രമേ നന്മയെയും അറിവിനെയും സ്വീകരിക്കൂ.എത്ര അറിവ് നേടിയിട്ടും അത് മനുഷ്യന്റെ വ്യക്തി ജീവിതത്തിലും സാമൂഹ്യജീവിതത്തിലും ഒരു മാറ്റവും വരുത്താത്തതിന്റെ കാരണവും ഇത് തന്നെ. കാലങ്ങളായി നമ്മുടെ നമ്മുടെ മനസ്സില്‍ സ്ഥാനം പിടിച്ച ചിന്തകളെയും മുന്‍വിധികളെയും  ഡി ലേണ്‍ ചെയ്താലേ മികച്ച അറിവുകള്‍ നമുക്ക് റീ ലേണ്‍ ചെയ്യാനാകൂ. തുറന്ന മനസ്സോടെ നമുക്ക് ജീവിതത്തെ സമീപിക്കാം 

വേദന



പ്രശസ്ത മിസ്റ്റിക് കവി ഖലീല്‍ ജിബ്രാന്‍ തന്‍റെ കൃതികളില്‍ ഒരിടത്ത് ഒരു കൊച്ചു കഥ പറയുന്നുണ്ട്.
ഒരിക്കല്‍ ഒരു കടല്‍ക്കരയില്‍ ഒരു ഞെണ്ടും ചിപ്പിയും കണ്ടുമുട്ടി
ഞെണ്ട് ചിപ്പിയോടു ചോദിച്ചു
" എന്താണ് നീ വല്ലാണ്ടിരിക്കുന്നത്? നിന്റെ മുഖത്ത് ഒരു സന്തോഷവുമില്ല....! നിനക്കെപ്പോഴും ആധിയും സങ്കടവും ആണല്ലോ. നീ എന്നെ നോക്ക്, ഞാന്‍ എത്ര സന്തോഷവാനാണ്......!"
ചിപ്പി എല്ലാം ഒരു ചിരിയില്‍ ഒതുക്കി, മനസ്സില്‍ പറഞ്ഞു.
"ഉള്ളില്‍ മനോഹരമായ ഒരു മുത്ത്‌ പിറവി എടുക്കുന്നതിന്‍റെ നൊമ്പരമാണ് എനിക്ക്..അകം പൊള്ളയായവന് എന്ത് ആശങ്കപ്പെടാനാണ്?" 




അകബലം : ഉള്ളു കത്തുന്നത് ഉള്ളില്‍ ഒരിത്തിരി പ്രകാശ വെട്ടം തെളിയുന്നത് കൊണ്ടാണ്. ഒന്നിനോടും ഉത്തരവാദിത്വം ഇല്ലാത്തവര്‍ക്ക്
എപ്പോഴും സന്തോഷമായിരിക്കും. പൊള്ളയായ സന്തോഷം....!


ശുഭ മനോഭാവം




ഒരു നാട്ടില്‍ അല്പം ദുര്‍വൃതനായ ഒരാളുണ്ടായിരുന്നു.
മദ്യപാനി, സമൂഹ്യദ്രോഹി എന്നൊക്കെ ജനങ്ങള്‍ അയാളെ വിശേഷിപ്പിച്ചു കൊണ്ടിരുന്നു. ആ നാട്ടില്‍ ആര്‍ക്കും അയാളോട് ഒരു സൌഹൃദവും ഉണ്ടായിരുന്നില്ല. പക്ഷെ ഇയാള്‍ക്ക് ഒരു അനിയനുണ്ടായിരുന്നു. സത്സ്വഭാവിയും പരസഹായിയുമായിരുന്ന ഒരാള്‍ . ജനങ്ങള്‍ക്കെല്ലാം അയാളെ കുറിച്ച് നൂറു നാവായിരുന്നു.
ഇവര്‍ രണ്ടും ഒരമ്മക്ക് പിറന്നത്‌ തന്നെയോ? - ആരും അത്ഭുതം കൊള്ളും വിധം വ്യത്യാസം . എന്ത് കൊണ്ട് ഇവര്‍ രണ്ടു പേരും ഇങ്ങനെയായി പോയി ? ഒരു ചെറുപ്പക്കാരനെ അത് വല്ലാതെ ചിന്തിപ്പിച്ചു. അയാള്‍ ഇവരുടെ ജീവിത നിലപാടുകളുടെ പൊരുള്‍  അവരോടു തന്നെ ചോദിയ്ക്കാന്‍ ഉറപ്പിച്ചു

"ഹും...നിനക്ക് എന്ത് അറിയാമെടോ എന്നെക്കുറിച്ച്? ഒരു അച്ഛന്റെ സ്നേഹമോ അമ്മയുടെ വാത്സല്യമോ അറിയാതെ  വളര്‍ന്നവനാണ് ഞാന്‍ . മുഴുക്കുടിയനും ധൂര്‍തനുമായിരുന്നു എന്‍റെ അച്ഛന്‍...! നേര്‍വഴി നടത്താന്‍ ആരും ഇല്ലാതെ പോയാല്‍ ഒടുവില്‍ ഇങ്ങനെയൊക്കെ തന്ന്യാ സംഭവിക്കുക." മൂത്ത സഹോദരന്റെ മറുപടി കേട്ടപ്പോള്‍ അതില്‍ അല്പം കാര്യം ഉണ്ടെന്നു തോന്നി ഈ ചെറുപ്പക്കാരന്. ഒരാളുടെ സ്വഭാവം നിര്‍ണയിക്കുന്നതില്‍ എന്‍-വയോന്മെന്റിന്റെ ഇന്‍ഫ്ലുവന്‍സ്  ചെറുത് അല്ലെന്ന ഡേവലപമെന്റല്‍ സൈക്കോളജി പാഠം അയാളോര്‍ത്തു

എന്നാലും ഇയാളുടെ അനിയന്‍ എന്ത് കൊണ്ട് ഇങ്ങനെയായില്ല
അയാള്‍ അനിയനോടും ഇതേ കാര്യം തിരക്കി
അയാള്‍ പറഞ്ഞു " സുഹൃത്തേ, നിങ്ങള്ക്ക് എന്നെ കുറിച്ച് ഒന്നുമറിയില്ല. ഒരു അച്ഛന്റെ സ്നേഹവും വാത്സല്യവും അനുഭവിക്കാനവാതെ വളര്‍ന്നവനാണ് ഞാന്‍. മുഴുക്കുടിയനായ എന്റെ അച്ഛന്‍ നാലുകാലില്‍ വന്നു അമ്മയെ ക്രൂരമായി മര്‍ദിക്കുന്ന ഓര്‍മകളാണ് എന്റെ ബാല്യം മുഴുക്കെ. അന്ന് ഞാന്‍ എടുത്ത ശപഥമാണ് എനിക്ക് എന്റെ അച്ഛനെ നഷ്ടമാക്കിയത് എന്താണോ അത്തരം എല്ലാ ദുര്‍ വൃത്തികളില്‍ നിന്നും ഞാന്‍ വിട്ടു നില്‍ക്കുമെന്ന്!."

അകബലം: ജീവിതത്തോടുള്ള നമ്മുടെ കാഴ്ചപ്പാടാണ് നാം ജീവിതത്തില്‍ ആരാവണം എന്നത് തീരുമാനിക്കുന്നത്. ജീവിതത്തെ പ്രത്യാശയോടും ശുഭാമാനോഭാവതോടും സമീപിക്കാനായാല്‍ ആരുടെ ജീവിതത്തിലും നന്മയുണ്ടാകും. നാം തന്നെയാണ് നമ്മുടെ വിധിഎഴുതുന്നത് . നമുക്കല്ലാതെ നമ്മുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയില്ല. "Your attitude determines your altitude" എന്നൊരു ചൊല്ലുണ്ട് ഇംഗ്ലീഷില്‍. ജീവിതത്തിലെ ഓരോ നിമിഷങ്ങളിലും നാം നമ്മോടു തന്നെ നടത്തുന്ന സംഭാഷണങ്ങള്‍(Self talk) ആണ് നമ്മുടെ സ്വത്വം(Self Image) നിര്‍ണയിക്കുന്നത് എന്ന് ആധുനിക മനശാസ്ത്രവും അടിവരയിട്ടു പറയുന്നുണ്ട് .




വിജയ രഹസ്യം



ഒരു ചൈനീസ്‌ പഴങ്കഥയുണ്ട് 
ഒരു ഗ്രാമത്തില്‍ സമ്പന്നനായ ഒരു കര്‍ഷകന്‍ ഉണ്ടായിരുന്നു. വിശാലമായ ഭൂമി നിറയെ അയാള്‍ക്ക്‌ വൈവിധ്യമാര്‍ന്ന കൃഷി ഉണ്ട്. ദൂരെ ദിക്കുകളില്‍ പോലും അയാളുടെ ഖ്യാതി പടര്‍ന്നു. ഒരുനാള്‍ ഒരു അയല്‍ നാട്ടുകാരന്‍ ഈ കര്‍ഷകന്‍റെ വൈഭവത്തില്‍ കൌതുകം തോന്നി ഇദ്ദേഹത്തിന്റെ വിജയ രഹസ്യം തേടിയെത്തി. അയാള്‍ കര്‍ഷകനോട് ചോദിച്ചു. " മറ്റെല്ലാം കര്‍ഷകര്‍ക്കും കനത്ത കൃഷിനാശവും മോശം വിളവെടുപ്പും ആയിട്ടും താങ്കളുടെ കൃഷിയെ അത് ബാധിക്കുന്നില്ലല്ലോ...!".

കര്‍ഷകന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. 
"വര്‍ഷാവര്‍ഷം വിളവെടുപ്പ് കഴിഞ്ഞാല്‍ ഞാന്‍ ഏറ്റവും നല്ല വിത്ത് എന്‍റെ അയല്‍ക്കാര്‍ക്ക് കൊടുക്കും. ശേഷിച്ചവ കൊണ്ട് ഞാനും കൃഷി ചെയ്യും". കര്‍ഷകന്‍ ഭംഗി വാക്ക് പറയുകയാണെന്ന് കരുതിയ അതിഥി അല്പം നീരസത്തോടെ ചോദിച്ചു.
"അത് കൊണ്ട്?"

കര്‍ഷകന്‍ വീണ്ടും സംസാരിച്ചു തുടങ്ങി
" എന്‍റെ അയല്പക്കകാര്‍ക്ക് ഞാന്‍ കൊടുത്ത വിത്ത് കൊണ്ട് അവര്‍ അവരുടെ പാടങ്ങളില്‍ കൃഷി ചെയ്യും. അപ്പോള്‍ എന്‍റെ കൃഷിചെടികളില്‍ പരാഗണം നടത്തുന്ന ശലഭങ്ങള്‍ക്ക് മികച്ച ചെടികളില്‍ നിന്ന് തന്നെ സ്രോതസ്സ് ലഭിക്കുമല്ലോ. അങ്ങനെ എന്‍റെ കൃഷിയും നല്ലതാകും.


അകബലം:  പരസ്പര സഹവര്‍ത്തിത്വത്തോടെ ജീവിക്കാനായാല്‍ ജീവിതം മനോഹരമാവും. ആധുനിക ജീവിതം സമ്മാനിച്ച ആസക്തിയും ഉപഭോഗ ത്വരയും നമ്മെ വെറും മത്സര ജീവികളാക്കി മാറ്റിയിരിക്കുന്നു. സഹകരണം നമ്മുടെ സാമൂഹ്യ ബോധമണ്ടലത്തില്‍ നിന്ന് പോലും പുറത്താക്കപ്പെട്ടു. സ്വയം വളരുന്നതോടൊപ്പം മറ്റുള്ളവനെയും ഉന്നതിയിലേക്ക് കൈ പിടിച്ചു നയിക്കാനയാലെ നമ്മുടെ നേട്ടങ്ങള്‍ സഫലമാവൂ. നിനക്കിഷ്ടപ്പെട്ടത്‌ നിന്‍റെ സഹോദരന് വേണ്ടിയും ഇഷ്ടപെടുന്നത് വരെ നീ വിശ്വാസിയാകുകയില്ല എന്നൊരു തിരുവചനം ഉണ്ട്. നിന്‍റെ തൊട്ടു മുമ്പില്‍ ഇരിക്കുന്നവനെ കാണാത്ത നീയെങ്ങനെ ആകാശത്ത് ഉള്ളവനെ കാണും എന്ന് മറ്റൊരു വേദ പുസ്തകവും ചോദിക്കുന്നുണ്ട്. 

Wednesday, January 12, 2011

പ്രോത്സാഹനം

ഇനി പറയുന്നത് എന്‍റെ കുട്ടിക്കാലത്ത് പറഞ്ഞു കേട്ടിരുന്ന ഒരു കഥയാണ്.
ഒരിക്കല്‍ ഒരു തവളക്കൂട്ടം മഴ പെയ്യുന്ന നാട് തേടി യാത്ര ചെയ്യുകയായിരുന്നു.പെട്ടെന്ന് കൂട്ടത്തില്‍ രണ്ടു  തവളകള്‍ അബദ്ധത്തില്‍ ഒരു പൊട്ടക്കിണരിലേക്ക് വീണു.
കൂടെയുണ്ടായിരുന്ന തവളകള്‍ കിണറിനു ചുറ്റും കൂടി. "ഹോ... നല്ല ആഴമുണ്ട്, രക്ഷപ്പെടാനാവുമെന്നു തോന്നുന്നില്ല"
അവര്‍ പരസ്പരം പറഞ്ഞു. കഷ്ടം... "ഇവരുടെ ജീവിതം അവസാനിച്ചത്‌ തന്നെ".  മറ്റൊരു തവള പറഞ്ഞു
"ഒരു തവളയ്ക്ക് ശരാശരി രണ്ട്‌ അടി ഉയരത്തിലല്ലേ ചാടാനാവൂ...ഇതിപ്പോ എട്ടു അടി ഉയരം ഉണ്ട്....ഇനി മഴ പെയ്തു വെള്ളം നിറഞ്ഞാലേ പുറത്തു കടക്ക്കനവൂ...." കൂട്ടത്തില്‍ പ്രായം ചെന്ന തവള ആകുലപെട്ടു.
" ഹോ...ഇനി ഒരു ആറു മാസമെങ്കിലും കഴിയും മഴ പെയ്യാന്‍.." വലിയ ജ്ഞാനി എന്ന മട്ടില്‍ മറ്റൊരാള്‍

പക്ഷെ കിണറ്റില്‍ വീണ തവളകള്‍ രക്ഷപെടാനുള്ള വെമ്പലില്‍ ഉയരത്തില്‍ ചാടി കൊണ്ടേയിരുന്നു. അത് കണ്ടു നിന്ന തവളകള്‍ അവരോടു  പറഞ്ഞു. "ഹും... നിങ്ങള്‍ ചാടിയത്‌ കൊണ്ടൊന്നും കാര്യമില്ല. ഒരിക്കലും നിങ്ങള്ക്ക് രക്ഷപ്പെടാനാവില്ല. അത് കൊണ്ട് അവിടെ കിടന്നു മരിക്കാന്‍ നോക്ക്!"

അത് കേട്ടപ്പോള്‍ ഒരു തവളയ്ക്ക് തോന്നി അവര്‍ പറയുന്നതില്‍ കാര്യമുണ്ടെന്നു . അവന്‍ ചാട്ടം നിര്‍ത്തി. കുറച്ചു കണ്ഴിഞ്ഞപ്പോഴേക്കും അവന്‍ മരിച്ചു!. എന്നിട്ടും അടുത്ത തവള ചാട്ടം നിര്‍ത്തിയില്ല. കൂടി നിന്ന തവളകള്‍ അവനെ വഴക്ക് പറയാന്‍ വരെ  തുടങ്ങി. എന്നിട്ടും അവന്‍ ചാട്ടം നിര്‍ത്തുന്ന മട്ടില്ല

ഒടുവില്‍ രണ്ട്‌ അടി ഉയരത്തില്‍ ചാടിയപ്പോള്‍ അവനു  ഒരു കൊച്ചു വള്ളിയില്‍ പിടുത്തം കിട്ടി . അതില്‍ പിടിച്ചു അവന്‍ കുറെ മുകളിലെക്കെത്തി. ഇനി ഒരു മൂന്നടി കൂടി ചാടനയാല്‍ രക്ഷപ്പെടാം. തവള സകല ആത്മവിശ്വാസവും സംഭരിച്ചു  ഒരു ചാട്ടം.....
 ഹാവൂ... രക്ഷപ്പെട്ടു ....!

മറ്റു തവളകള്‍ക്ക്  അത് വിശ്വസിക്കാനേ ആയില്ല. അവര്‍ അവനോടു ചോദിച്ചു. ''ഞങ്ങള്‍ നിന്നോട് നീ ചാടേണ്ട, ചാടിയത്‌ കൊണ്ട് നീ രക്ഷപ്പെടാന്‍ പോവുന്നില്ല എന്ന് പറഞ്ഞിട്ടും നീ എന്താ ചാട്ടം മതിയാക്കാതിരുന്നത്''?
"എന്താ പറഞ്ഞത് ...നിങ്ങള്‍ എന്നോട് ചാടേണ്ട എന്നാണോ പറഞ്ഞത് ?.." അവന്‍ വലതു ചെവി അല്പം ചെരിച്ചു പിടിച്ചു
ചോദിച്ചു. ഹോ... നിങ്ങള്‍ എല്ലാരും കൂടെ ബഹളം വെക്കുന്നത് കണ്ടപ്പോ ഞാന്‍ കരുതി എന്നെ ചാടാന്‍ പ്രോല്‍സാഹിപ്പുക്കകയാനെന്നു! എന്‍റെ  ഈ ഇടതു ചെവിക്ക്  അല്പം കേള്‍വി കുറവാ...!!

അകബലം: പ്രോത്സാഹനം  ആണ് മനുഷ്യ നേട്ടങ്ങളുടെ ചാലകശക്തി. അത് നമ്മുടെ കഴിവുകളെ അത്ഭുതകരമായി പരിവര്ത്തിപ്പിക്കും. മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും അഭിനന്ദിക്കാനും  കഴിയാത്തവര്‍ക്ക് സ്വന്തം കഴിവുകള്‍ പോലും തിരിച്ചറിയാനാവില്ല. സുഹൃത്തിന്റെ നന്മകള്‍ അയാളുടെ നന്മകള്‍ അയാളുടെ മുഖത്ത് നോക്കി പറയാനായാല്‍, അത് അയാളെ ജീവിതത്തില്‍ സഹായിക്കുന്നതോടൊപ്പം, നമ്മുടെ മനസ്സിനെ ദുര്‍ മേധസ്സുകളില്‍ നിന്ന് മുകതമാക്കുക കൂടിയാണ്.
ഓരോ ദിവസവും ഒരാളെയെങ്കിലും നാം അഭിനന്ദിച്ചു എന്ന് ഉറപ്പു വരുത്തുന്ന ശീലം നമുക്ക് ഉണ്ടായാല്‍ എത്ര സുന്ദരമായിരിക്കും നമ്മുടെ ബന്ധങ്ങള്‍....!