Saturday, January 22, 2011

വിജയ രഹസ്യം



ഒരു ചൈനീസ്‌ പഴങ്കഥയുണ്ട് 
ഒരു ഗ്രാമത്തില്‍ സമ്പന്നനായ ഒരു കര്‍ഷകന്‍ ഉണ്ടായിരുന്നു. വിശാലമായ ഭൂമി നിറയെ അയാള്‍ക്ക്‌ വൈവിധ്യമാര്‍ന്ന കൃഷി ഉണ്ട്. ദൂരെ ദിക്കുകളില്‍ പോലും അയാളുടെ ഖ്യാതി പടര്‍ന്നു. ഒരുനാള്‍ ഒരു അയല്‍ നാട്ടുകാരന്‍ ഈ കര്‍ഷകന്‍റെ വൈഭവത്തില്‍ കൌതുകം തോന്നി ഇദ്ദേഹത്തിന്റെ വിജയ രഹസ്യം തേടിയെത്തി. അയാള്‍ കര്‍ഷകനോട് ചോദിച്ചു. " മറ്റെല്ലാം കര്‍ഷകര്‍ക്കും കനത്ത കൃഷിനാശവും മോശം വിളവെടുപ്പും ആയിട്ടും താങ്കളുടെ കൃഷിയെ അത് ബാധിക്കുന്നില്ലല്ലോ...!".

കര്‍ഷകന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. 
"വര്‍ഷാവര്‍ഷം വിളവെടുപ്പ് കഴിഞ്ഞാല്‍ ഞാന്‍ ഏറ്റവും നല്ല വിത്ത് എന്‍റെ അയല്‍ക്കാര്‍ക്ക് കൊടുക്കും. ശേഷിച്ചവ കൊണ്ട് ഞാനും കൃഷി ചെയ്യും". കര്‍ഷകന്‍ ഭംഗി വാക്ക് പറയുകയാണെന്ന് കരുതിയ അതിഥി അല്പം നീരസത്തോടെ ചോദിച്ചു.
"അത് കൊണ്ട്?"

കര്‍ഷകന്‍ വീണ്ടും സംസാരിച്ചു തുടങ്ങി
" എന്‍റെ അയല്പക്കകാര്‍ക്ക് ഞാന്‍ കൊടുത്ത വിത്ത് കൊണ്ട് അവര്‍ അവരുടെ പാടങ്ങളില്‍ കൃഷി ചെയ്യും. അപ്പോള്‍ എന്‍റെ കൃഷിചെടികളില്‍ പരാഗണം നടത്തുന്ന ശലഭങ്ങള്‍ക്ക് മികച്ച ചെടികളില്‍ നിന്ന് തന്നെ സ്രോതസ്സ് ലഭിക്കുമല്ലോ. അങ്ങനെ എന്‍റെ കൃഷിയും നല്ലതാകും.


അകബലം:  പരസ്പര സഹവര്‍ത്തിത്വത്തോടെ ജീവിക്കാനായാല്‍ ജീവിതം മനോഹരമാവും. ആധുനിക ജീവിതം സമ്മാനിച്ച ആസക്തിയും ഉപഭോഗ ത്വരയും നമ്മെ വെറും മത്സര ജീവികളാക്കി മാറ്റിയിരിക്കുന്നു. സഹകരണം നമ്മുടെ സാമൂഹ്യ ബോധമണ്ടലത്തില്‍ നിന്ന് പോലും പുറത്താക്കപ്പെട്ടു. സ്വയം വളരുന്നതോടൊപ്പം മറ്റുള്ളവനെയും ഉന്നതിയിലേക്ക് കൈ പിടിച്ചു നയിക്കാനയാലെ നമ്മുടെ നേട്ടങ്ങള്‍ സഫലമാവൂ. നിനക്കിഷ്ടപ്പെട്ടത്‌ നിന്‍റെ സഹോദരന് വേണ്ടിയും ഇഷ്ടപെടുന്നത് വരെ നീ വിശ്വാസിയാകുകയില്ല എന്നൊരു തിരുവചനം ഉണ്ട്. നിന്‍റെ തൊട്ടു മുമ്പില്‍ ഇരിക്കുന്നവനെ കാണാത്ത നീയെങ്ങനെ ആകാശത്ത് ഉള്ളവനെ കാണും എന്ന് മറ്റൊരു വേദ പുസ്തകവും ചോദിക്കുന്നുണ്ട്. 

No comments:

Post a Comment